ഗൗരി - ബാലചന്ദ്രൻ ചുള്ളിക്കാട്

സഖാവ് കെ.ആർ ഗൗരിയമ്മയെക്കുറിച്ച് ബാലചന്ദ്രൻ ചുള്ളിക്കാട് എഴുതിയ ഗൗരി എന്ന കവിത.

കരയാത്ത ഗൌരീ, തളരാത്ത ഗൌരീ
കലികൊണ്ടുനിന്നാല്‍ അവള്‍ ഭദ്രകാളീ..
ഇതുകേട്ടുകൊണ്ടേ ചെറുബാല്യമെല്ലാം
പതിവായി ഞങ്ങള്‍ ഭയമാറ്റിവന്നു.

നെറിവറ്റ ലോകം കനിവറ്റ കാലം
പടകാളിയമ്മേ കരയിച്ചു നിന്നെ.
ഫലിതത്തിന്നും തിരുമേനി നല്ലൂ
കലഹത്തിനെന്നും അടിയാത്തി പോരും.

ഗുരുവാക്യമെല്ലാം ലഘുവാക്യമായി
ഗുരുവിന്റെ ദുഃഖം ധ്വനികാവ്യമായി
അതുകേട്ടു നമ്മള്‍ ചരിതാര്‍ത്ഥരായി
അതുവിറ്റു പലരും പണമേറെ നേടി.
അതിബുദ്ധിമാന്‍മാര്‍ അധികാരമേറി

തൊഴിലാളി വര്‍ഗ്ഗം അധികാരമേറ്റാല്‍
അവരായി പിന്നേ അധികാരിവര്‍ഗ്ഗം
അധികാരമപ്പോള്‍ തൊഴിലായി മാറും
അതിനുള്ള കൂലി അധികാരി വാങ്ങും

വിജയിക്കു പിന്‍പേ കുതികൊള്‍വു ലോകം
വിജയിക്കു മുന്‍പില്‍ വിരിയുന്നു കാലം
മനുജന്നുമീതെ മുതലെന്ന സത്യം
മുതലിന്നുമീതെ അധികാര ശക്തി.
അധികാരമേറാന്‍ തൊഴിലാളിമാര്‍ഗ്ഗം
തൊഴിലാളിയെന്നും തൊഴിലാളി മാത്രം

അറിയേണ്ട ബുദ്ധി അറിയാതെപോയാല്‍
ഇനി ഗൌരിയമ്മേ കരയാതെ വയ്യ
കരയുന്ന ഗൌരീ തളരുന്ന ഗൌരീ
കലിവിട്ടൊഴിഞ്ഞാല്‍ പടുവൃദ്ധയായി

മതി ഗൌരിയമ്മേ കൊടി താഴെ വെക്കാം
ഒരു പട്ടുടുക്കാം മുടി കെട്ടഴിക്കാം
ഉടവാളെടുക്കാം കൊടുങ്ങല്ലൂര്‍ ചെന്നാല്‍
ഒരുകാവു തീണ്ടാം.

ഇനി ഗൌരിയമ്മ ചിതയായി മാറും
ചിതയാളിടുമ്പോള്‍ ഇരുളൊട്ടു നീങ്ങും
ചിത കെട്ടടങ്ങും കനല്‍ മാത്രമാകും
കനലാറിടുമ്പോള്‍ ചുടുചാമ്പലാകും
ചെറുപുല്‍ക്കൊടിക്കും വളമായിമാറും

Last updated